Wednesday, November 2, 2011

സിരി


സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വജ്രായുധം





അടിക്കുമ്പോള്‍ മര്‍മത്തില്‍ വേണം എന്ന് പറയാറുണ്ടല്ലോ. ഐഫോണ്‍ 4 എസിലെ സിരി(Siri) എന്ന സങ്കേതം വഴി ഗൂഗിളിനെതിരെ ആപ്പിള്‍ അതാണ് ചെയ്തിരിക്കുന്നത്. 'സിരിയാണ് സെര്‍ച്ചിന്റെ ഭാവി' എന്നാണ് പുതിയ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍, വെബ്‌സെര്‍ച്ചിന്റെ പര്യായമായ ഗൂഗിളിന്റെ ഭാവിയോ? അവിടെയാണ് ആപ്പിളേല്‍പ്പിച്ചിരിക്കുന്ന ആഘാതമെത്രയെന്ന് വ്യക്തമാവുക.

എന്താണ് സിരി, അതെന്തിന് ഗൂഗിളിന് ഭീഷണിയാകണം-ഇങ്ങനെയൊക്കെയാകാം വായനക്കാരുടെ മനസിലുണരുന്ന സംശയങ്ങള്‍. സംഭവം ഐഫോണ്‍ 4 എസിലെ പുതിയൊരു സര്‍വീസാണ്, ഒരു ഡിജിറ്റല്‍ സഹായി. യഥാര്‍ഥ സഹായി ഒരാള്‍ക്ക് എന്തൊക്കെയാണോ അതുപോലെയാണ് സിരി എന്ന് ആപ്പിള്‍ പറയുന്നു.

മുന്നിലുള്ള വ്യക്തിയോടെന്ന പോലെ നിങ്ങള്‍ക്ക് സിരിയുടെ സഹായത്തോടെ ഐഫോണിനോട് സംസാരിക്കാം, നിര്‍ദേശങ്ങള്‍ നല്‍കാം. സംശയമുള്ള കാര്യങ്ങള്‍ ഫോണ്‍ നിങ്ങളോട് തിരിച്ച് ചോദിച്ചു മനസിലാക്കും. എന്നിട്ട് നിങ്ങളുടെ ആവശ്യം നിറവേറ്റും.

ഒരു ഉദാഹരണം നോക്കുക-


നിങ്ങള്‍ ഫോണിനോട് പറയുന്നു : 'എന്റെ സഹോദരന് നാളെ ഒരു ഈമെയില്‍ അയയ്ക്കണം'

ഉടന്‍ വന്നു ഫോണിന്റെ ചോദ്യം : 'ഏത് സഹോദരന്‍'

നിങ്ങളുടെ മറുപടി : 'മൂത്ത സഹോദരന്‍, അരുണിന്'.

ഫോണിന്റെ ചോദ്യം : 'നാളെ ഏത് സമയത്താണ് ഈമെയില്‍ അയയ്‌ക്കേണ്ടത്'.

നിങ്ങളുടെ മറുപടി : 'രണ്ടുമണിക്ക്'

ഫോണിന് കൂടുതല്‍ അറിയണം : 'എന്താണ് വിഷയം'.

എന്താണ് ഈമെയിലിന്റെ ഉള്ളടക്കമെന്ന് പറയുന്നത് ഫോണ്‍ സന്ദേശമായി സൂക്ഷിക്കുന്നു, നാളെ പറഞ്ഞ സമയത്ത് അയയ്ക്കാന്‍!



ഇനി മറ്റൊരു ഉദാഹരണം-


വീട്ടമ്മയായ ലക്ഷ്മി അമേരിക്കയില്‍ കുടിയേറിയിട്ട് കുറെ കാലമായി. കേരളപാചകമൊന്നും വലിയ വശമില്ല. സാമ്പാര്‍ ഉണ്ടാക്കാമെന്ന് ഒരുദിവസം തീരുമാനിച്ചു. ചെറിയ ധാരണയുണ്ട്. പച്ചക്കറികളൊക്കെ എടുത്തുവെച്ചപ്പോള്‍ സംശയമായി, ശരിയാകുമോ. ഉടന്‍ മേശപ്പുറത്തിരുന്ന ഐഫോണ്‍ 4 എസ് എടുത്ത് സിരി ഓണ്‍ ചെയ്തിട്ട് ചോദിച്ചു- 'സാമ്പാറിന് എന്തൊക്കെ വേണം'.

ലക്ഷ്മിയുടെ ചോദ്യത്തിന് സിരി ഒരു മറുചോദ്യമാണുന്നയിച്ചത് - 'പച്ചക്കറിയുടെ കാര്യമോ, മസാലക്കൂട്ടിന്റെ കാര്യമോ'.

മസാലക്കൂട്ട് പ്രശ്‌നമില്ല, സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സാമ്പാര്‍ പൗഡറിന്റെ ബലത്തിലാണ് സാഹസത്തിന് ലക്ഷ്മി ഒരുങ്ങിയത് തന്നെ.

'പച്ചക്കറിയുടെ കാര്യം'-ലക്ഷ്മി മറുപടി നല്‍കി.

'എത്രപേര്‍ക്ക് വേണ്ടിയാണ് സാമ്പാര്‍'-സിരിയുടെ ചോദ്യം വീണ്ടും.

'നാലുപേര്‍ക്ക് കഴിക്കാന്‍'-ലക്ഷ്മി മറുപടി നല്‍കി.

'ഒരു നിമിഷം കാക്കൂ, ഞാന്‍ ഒന്ന് നോക്കിക്കൊള്ളട്ടെ'-സിരി പറഞ്ഞു

ഏതാനും നിമിഷങ്ങള്‍ക്കകം സിരി വെബ്ബിലൂടെ ഊളിയിട്ട് വിശദീകരണവുമായ എത്തി-വെണ്ടക്ക ഇത്ര ഗ്രാം, നേന്ത്രക്കായ ഇത്ര, മുരിങ്ങയ്ക്ക ഇത്ര, അങ്ങനെ എല്ലാം!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയുപയോഗിച്ചാണ് സിരി പ്രവര്‍ത്തിക്കുന്നത്. ചോദിക്കുന്ന ചോദ്യം മനസിലാക്കുക മാത്രമല്ല, നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് പോലും തിരിച്ചറിഞ്ഞ് ഉത്തരങ്ങള്‍ നല്‍കാന്‍ സിരിക്ക് കഴിയുമെന്ന് ആപ്പിള്‍ പറയുന്നു. വെബ്ബിലും ഓണ്‍ലൈന്‍ സര്‍വീസുകളിലും സെര്‍ച്ച് ചെയ്തും, ഫോണിലെ വിവരങ്ങള്‍ നോക്കിയും നൊടിയിടയില്‍ നിങ്ങള്‍ ആവശ്യപ്പെട്ട കാര്യത്തിന് സിരി മറുപടി നല്‍കും.

ഒരാള്‍ പുതിയൊരു സഹായിയെ നിയമിച്ചാല്‍ സാധാരണഗതിയില്‍ എന്താണ് സംഭവിക്കുക. അയാളുടെ രീതികളും പ്രവര്‍ത്തനവും സംസാരവും മറ്റും മനസിലാക്കാന്‍ ആ സഹായി കുറച്ചു സമയമെടുക്കും. സിരിയുടെ കാര്യവും വ്യത്യസ്തമല്ല. ഫോണ്‍ ഉപഭോക്താവിന്റെ സംഭാഷണരീതികളും മറ്റും ഓരോ ദിവസം ചെല്ലുന്തോറും സിരി കൂടുതല്‍ കൂടുതല്‍ മനസിലാക്കും.

ഐഫോണ്‍ 4 എസിലെ എ5 ഡ്യുവല്‍കോര്‍ ചിപ്പിന്റെയും ത്രിജി, വൈഫൈ നെറ്റ്‌വര്‍ക്കുകളുടെയും ആപ്പിള്‍ ഡേറ്റ സെന്ററുകളുടെയും സഹായത്തോടെയാണ്, ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് നൊടിയിടയില്‍ സിരി മറുപടി നല്‍കുക. ഐഫോണ്‍ 4 എസിലുള്ളത് ബീറ്റ വേര്‍ഷനാണ്.

ഐഫോണിലെ തേഡ്പാര്‍ട്ടി ആപ്പ്‌സ് (ആപ്ലിക്കഷനുകള്‍) തത്ക്കാലം സിരി ഉപയോഗിക്കുന്നില്ല. ഫോണ്‍ (കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും), ഫെയ്‌സ്‌ടൈം (ഐഫോണിലെ വീഡോയ കോള്‍ സംവിധാനം), മ്യൂസിക്, മെയില്‍, മെസേജ്, കലണ്ടര്‍, നോട്ട്‌സ്, കോണ്ടാക്ടുകള്‍, കാലാവസ്ഥ, സ്‌റ്റോക്ക്‌സ്, വെബ് സെര്‍ച്ച് (സഫാരി, മാപ്‌സ്, ഗൂഗിള്‍), ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ്, അലാറാം/വേള്‍ഡ് ക്ലോക്ക്/ടൈമര്‍, വിക്കിപീഡിയ, വൂള്‍ഫ്രേം ആല്‍ഫ (ഗണിതത്തിന്) എന്നിവയാണ് സിരിയുടെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.

നിലവില്‍ മൂന്ന് ഭാഷകളില്‍ മാത്രമേ സിരിയുടെ സേവനം ലഭ്യമാക്കിയിട്ടുള്ളു-ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകളില്‍. ജര്‍മനിയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും സിരി 'സ്ത്രീ'യാണെങ്കില്‍ (എന്നുവെച്ചാല്‍, സ്ത്രീശബ്ദമാണ് സിരിക്ക്), ബ്രിട്ടീഷ് ഇംഗ്ലീഷിലും ഫ്രഞ്ചിലും സിരി 'പുരുഷനാ'ണ് ! 'ലിംഗമാറ്റ'ത്തിന് സിരിയില്‍ സാധ്യതയില്ല.

പെന്റഗണില്‍ നിന്ന് ആപ്പിളിലേക്ക്

യു.എസ്.പ്രതിരോധ ഏജന്‍സിയായ പെന്റഗണിന് കീഴിലെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ടില്‍ (ഡിഎആര്‍പിഎ) ആണ് സിരി സങ്കേതത്തിന്റെ തുടക്കമെന്ന് 'ദി മാക്‌മോബ്' സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധമേഖലകളിലെ വിവിധ ഭീഷണികള്‍ സ്വയം മനസിലാക്കി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രതികരിക്കാന്‍ കഴിവുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കായിരുന്നു സിരി ആവിര്‍ഭവിച്ചത്. അതിനുള്ള പദ്ധതി ഡിഎആര്‍പിഎ 2003 ല്‍ ആരംഭിച്ചു. ശ്രി ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ഡിഎആര്‍പിഎ ഈ പദ്ധതിക്കായി ഫണ്ട് നല്‍കിയത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പിഎഎല്‍)
 എന്ന പേരിലായിരുന്നു പ്രോജക്ടിന്റെ ആരംഭം. 2009 വരെ അത് നടന്നു. മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഉള്‍പ്പെട്ട 'കോഗ്നെറ്റിവ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) എന്ന സംരംഭമായിരുന്നു പിഎഎല്ലില്‍ പ്രധാനമായും നടന്നത്.

ശ്രി ഇന്റര്‍നാഷണല്‍ രൂപപ്പെടുത്തിയ സങ്കേതം സാധാരണക്കാര്‍ക്ക് ലഭ്യമായിരുന്നില്ല. 'സിരി' (Siri) എന്ന പേരില്‍ സ്വതന്ത്രമായ ഒരു കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനി 2007 ല്‍ ശ്രി ഇന്റര്‍നാഷണല്‍ ആരംഭിച്ചു. സൈനികാവശ്യത്തിന് രൂപപ്പെടുത്തിയ സങ്കേതത്തിന്റെ സഹായത്തോടെ 2010 ഫിബ്രവരിയില്‍ സിരി കമ്പനി ഐഫോണ്‍ 3ജിഎസിന് വേണ്ടി ഒരു ആപ്പ്‌സ് പുറത്തിറക്കി.

സ്വാഭാവികമായും അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ദൃഷ്ടിയില്‍ സിരി ആപ്ലിക്കേഷന്‍ പെട്ടു. രണ്ടുമാസം കഴിഞ്ഞ്, 2010 ഏപ്രിലില്‍ ആപ്പിള്‍ സിരിയെ സ്വന്തമാക്കി-എത്ര തുക നല്‍കി എന്നത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

അടുത്ത ഒന്നരവര്‍ഷത്തോളം, സിരിയെക്കൊണ്ട് ആപ്പിള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് ടെക് ലോകം അത്ഭുതം കൂറി. ഒടുവില്‍ ഐഫോണ്‍ 4 എസിന്റെ 'ആത്മാവാ'യി സിരി എത്തിയപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി.....ആപ്പിള്‍ ഏവരെയും കടത്തിവെട്ടിയിരിക്കുന്നു. 

ഗൂഗിള്‍ എന്തുകൊണ്ട് ഭയക്കണം

സിരിയുടെ വരവോടെ, മൊബൈല്‍ സങ്കേതങ്ങളുടെ കാര്യത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ ആപ്പിള്‍ കുറഞ്ഞത് രണ്ടുവര്‍ഷം പിന്നിലാക്കിയെന്നാണ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധനും സിരി ബോര്‍ഡ് മെമ്പറുമായ ഗാരി മോര്‍ഗെന്താലെര്‍ അഭിപ്രായപ്പെടുന്നത്. ഭാവിയെ രൂപപ്പെടത്തുന്ന കാര്യത്തില്‍ ആപ്പിള്‍ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു എന്നാണ് ഇതിനര്‍ഥം.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ മാത്രമല്ല, ഗൂഗിളിന്റെ നട്ടെല്ലായ സെര്‍ച്ചിനും സിരി വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സെര്‍ച്ചിന്റെ ഭാവിയാണ് സിരിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അവര്‍ പറയുന്നു. സെര്‍ച്ചിന്റെ ഭാവി ഗൂഗിളല്ല സിരിയാണ് എന്നല്ലേ ഇതിനര്‍ഥം.

ഏവരും സമ്മതിക്കുന്ന കാര്യം കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈലിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. ഇതിനര്‍ഥം, വെബ് ബ്രൗസിങ്, സെര്‍ച്ച് തുടങ്ങിയ പ്രവര്‍ത്തനങ്ങളൊക്കെ ഭാവിയില്‍ കൂടുതല്‍ നടക്കുക മൊബൈലിലാകും എന്നാണ്. അവിടെ സിരി താരമാകുമ്പോല്‍, ഗൂഗിളിന് തീര്‍ച്ചയായും വെല്ലുവിളിയാകും.

ക്ലിക്ക്, ടാപ്പ്, ടച്ച് മുതലായ സംഗതികളൊന്നും സിരിയില്‍ ആവശ്യമില്ല. കാര്യങ്ങള്‍ സിരിയോട് പറഞ്ഞാല്‍ മതി. ക്ലിക്ക് മൂല്യംവെച്ച് പരസ്യവരുമാനം കണക്കാക്കുന്ന ഗൂഗിളിന് തന്നെയാകും, ഈ പുതിയ മാറ്റവും തലവേദന സൃഷ്ടിക്കുക. ഗൂഗിളും മാറേണ്ടി വരുമെന്നര്‍ഥം.....ഒരുപക്ഷേ, ആ മാറ്റത്തിനുള്ള വഴികാട്ടിയായിരിക്കാം സിരി.



                                                                                                                        thanxxx to mathruboomi..
    

No comments:

Post a Comment